കഴക്കൂട്ടം : പാലോട് ഫോറസ്റ്റ് റേഞ്ചിന് കീഴിലെ സ്പെഷ്യൽ സ്കോഡ് വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഇരുന്നൂറ് കിലോയോളം വരുന്ന ചന്ദന തടി പിടികൂടി. മൺവിള ജംഗഷനിൽ ധാന്യങ്ങൾ പൊടിക്കുന്ന മില്ലിലെ മുറിയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന ചന്ദനതടികളാണ് പിടികൂടിയത്. ബി.ജെ.പി. പ്രവർത്തകനും മൺവിള ജംഗ്ഷന് സമീപം താമസിക്കുന്ന വിഷ്ണു (32), കുളത്തൂർ അരശുംമൂട് സ്വദേശി ജയകുമാർ (42), കുളത്തൂർ ജംഗഷന് സമീപം താമസിക്കുന്ന ജേക്കബ്ബ് (65)എന്നിവരെ ഫോറസ്റ്റ് ഉദ്വേഗസ്ഥർ കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചന്ദന തടികൾ കണ്ടെത്തിയത്. അടുത്തകാലത്ത് മൺവിള റേഡിയോസ്റ്റേഷൻ വളപ്പിൽ നിന്നും സി.ഇ.ടി. എഞ്ചീനിയറിംഗ് കോളേജ് കാമ്പസ് എന്നിവിടങ്ങളിൽ നിന്ന് നിരവധി ചന്ദനമരങ്ങൾ മോഷണം പോയിരുന്നു. ഇതിൽ ഇവർക്ക് പങ്കുണ്ടോയെന്നും അന്വഷിച്ചു വരുന്നതായി പാലോട് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.






