കഴക്കൂട്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാറ്റുമുക്ക് സ്വദേശിയായ സാം (27) ആണ് പോക്സോ കേസിൽ പിടിയിലായത്. 17 വയസ്സുകാരിയായ പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് ഇയാൾ മൊബൈൽ ഫോണിൽ പകർത്തിയത്.കഴിഞ്ഞ മെയ് 13-നായിരുന്നു കേസിനാസ്പദമായ സംഭവം.
വൈകിട്ട് അഞ്ചോടെ പെൺകുട്ടി കുളിച്ചുകൊണ്ടിരുന്ന സമയത്ത് പ്രതി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ പിതാവും നാട്ടുകാരും ചേർന്ന് പ്രതിയെ കൈയോടെ പിടികൂടി. ഇയാളുടെ പക്കൽ നിന്നും ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണും നാട്ടുകാർ കൈക്കലാക്കിയിരുന്നു.സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിക്കെതിരെ കൃത്യമായ നടപടിയെടുക്കാൻ പോലീസ് തയ്യാറായില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.പൊലീസിന്റെ ഭാഗത്തുനിന്നും നീതി ലഭിക്കാതെ വന്നതോടെ പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും ചേർന്ന് സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു.
വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് ശക്തമായ സമ്മർദ്ദമുണ്ടായ സാഹചര്യത്തിലാണ് ഒടുവിൽ പോക്സോ വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യാൻ കഠിനംകുളം പോലീസ് തയ്യാറായത്.






