കഴക്കൂട്ടം: ആളെഴിഞ്ഞ പറമ്പുകൾ കേന്ദ്രീകരിച്ച് ലഹരിമാഫിയ പിടിമുറുക്കുന്നു. തുമ്പ രാജീവ് ഗാന്ധി നഗറിന് സമീപം വിജനമായ പുരയിടത്തിൽ വളർത്തിയ നിലയിൽ കണ്ടെത്തിയ രണ്ട് വലിയ കഞ്ചാവ് ചെടികൾ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. ഷീല എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് ഇവ കണ്ടെടുത്തത്.പ്രദേശത്ത് കഞ്ചാവ് ചെടികൾ വളർത്തുന്നതായി സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക ലഹരിവിരുദ്ധ സ്ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ചെടികൾ കണ്ടെത്തിയത്.മുൻപ് അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന ഈ പ്രദേശത്ത് നിലവിൽ ആളനക്കമില്ല. ഈ സാഹചര്യം മുതലെടുത്താണ് സാമൂഹ്യവിരുദ്ധർ കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. പിടിച്ചെടുത്ത ചെടികൾക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി






