ചെന്നൈ: നടൻ ശിവകാർത്തികേയൻ നിര്‍മ്മിക്കുന്ന കൊട്ടുകാളി എന്ന ചിത്രത്തിന്‍റെ ലോഞ്ചിംഗ് ഈവന്‍റ് അടുത്തിടെ ചെന്നൈയിൽ നടന്നിരുന്നു. ഈ ചടങ്ങിൽ ശിവകാര്‍ത്തികേയനും പങ്കെടുത്തിരുന്നു. പരിപാടിയിൽ സംസാരിക്കവേ ശിവകാര്‍ത്തികേയന്‍ നടത്തിയ പരാമര്‍ശം ഇപ്പോള്‍ തമിഴ് സിനിമ ലോകത്ത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.
ശിവകാര്‍ത്തികേയന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. “ഞാൻ ആരെയെങ്കിലും കണ്ടെത്തി അവർക്ക് ഒരു ഐഡന്‍റിറ്റി നൽകിയെന്നോ അവർക്ക് ജീവിതം നൽകി അവരെ നന്നാക്കിയെന്നോ ഞാൻ പറയില്ല. കാരണം എന്നെ അങ്ങനെ പറഞ്ഞ് പറഞ്ഞ് കണ്ടീഷൻ ചെയ്തതാണ്. ഞാൻ അത്തരത്തിലുള്ള ആളല്ല, നിങ്ങൾക്ക് എന്‍റെ ഒരു സുഹൃത്തിനെ പരിചയപ്പെടുത്തുന്നത് പോലെ ഒരാളെ പരിചയപ്പെടുത്തുന്നതിനുള്ള എന്‍റെ ശ്രമമാണ് ഇത്. ഒരു നടനെന്ന നിലയിൽ നിങ്ങൾ എനിക്ക് നൽകിയ സ്ഥാനത്ത് നിന്ന്, അത് ശരിയായി ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്‍റെ ഇത്തരം ശ്രമങ്ങൾ തുടരും”
ശിവകാർത്തികേയൻ ആരുടെയും പേര് പരാമർശിക്കുകയോ എടുത്ത് പറയുകയോ ചെയ്തില്ലെങ്കിലും. സോഷ്യൽ മീഡിയയിൽ നിരവധി നെറ്റിസൺസ് ശിവകാർത്തികേയന്‍റെ ഈ പ്രസ്താവനയെ ധനുഷുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് പറയുന്നത്.