സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് സ്റ്റാർ സുരേഷ് കൃഷ്ണയാണ്. ‘കൺവിൻസിങ് സ്റ്റാർ’ എന്നാണ് സോഷ്യൽ മീഡിയയിലെ സുരേഷ് കൃഷ്ണയുടെ പുതിയ വിളിപ്പേര്. സിനിമകളിൽ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളെ വച്ച് ട്രോളുകളും ചർച്ചകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെയാണ് സുരേഷ് കൃഷ്ണ ട്രെൻഡിങ് ലിസ്റ്റിൽ എത്തിയത്. ഈ മീമുകളെല്ലാം കണ്ടതിന് ശേഷം, ഒരുപാട് സിനിമകളിൽ താൻ ഒരു വഞ്ചകനായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നിയെന്ന് സുരേഷ് കൃഷ്ണ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസുതുറന്നു.മറ്റ് കഥാപാത്രങ്ങൾക്ക് ഞാൻ ഒരു നല്ലവനെന്ന് തോന്നുകയും എന്നാൽ അവസാനം വഞ്ചിക്കുകയും അവർക്ക് ദ്രോഹമാകുന്ന തരത്തിലുള്ള തീരുമാനമെടുക്കാൻ ‘കൺവിൻസ്’ ചെയ്യുന്ന കഥാപാത്രങ്ങളാണ് എന്റെ യുഎസ്പി. ഞാൻ സോഷ്യൽ മീഡിയയിൽ സജീവമല്ല, എൻ്റെ പേജ് പോലും വെരിഫൈഡ് അല്ല. മരണമാസ് എന്ന കോമഡി സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ബേസിൽ ജോസഫ്, സിജു സണ്ണി, രാജേഷ് മാധവൻ തുടങ്ങിയവരും ലൊക്കേഷനിലുള്ള മറ്റുള്ളവരുമാണ് ‘കൺവിൻസിങ് സ്റ്റാർ’ എന്ന മീം ട്രെൻഡിങ് ആണെന്ന് എന്നോട് പറയുന്നത്. ഇത് അറിഞ്ഞപ്പോൾ വളരെ ലാഘവത്തോടെയാണ് ഞാൻ അതെടുത്തത്. വില്ലന്മാരിൽ തന്നെ പല തരമുണ്ടെന്ന് ഈ ട്രെൻഡ് കാണുമ്പോഴാണ് മനസിലാകുന്നത്’, സുരേഷ് കൃഷ്ണ പറഞ്ഞു.
ക്രിസ്ത്യൻ ബ്രദേഴ്സ്, കാര്യസ്ഥൻ, തുറുപ്പുഗുലാൻ, മഞ്ഞുപോലൊരു പെൺകുട്ടി, രാമലീല തുടങ്ങി നിരവധി സിനിമകളിലെ സുരേഷ് കൃഷ്ണയുടെ കൺവിൻസിങ് സീനുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഇത്തരം ചർച്ചകൾക്ക് പിന്നാലെ പോസ്റ്റുമായി സുരേഷ് കൃഷ്ണ എത്തിയിരുന്നു. സിനിമയിലെ ‘കൺവിൻസിങ്’ ഡയലോഗിനെ ഓർമിപ്പിക്കുന്ന തരത്തിൽ ‘നിങ്ങൾ ലൈക്ക് അടിച്ചിരി, ഞാൻ ഇപ്പൊ വരാം’ എന്ന അടിക്കുറിപ്പോടെ തന്റെ തന്നെ ചിത്രമാണ് സുരേഷ് കൃഷ്ണ പോസ്റ്റ് ചെയ്തത്.