തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തോന്നിയ പോലുള്ള ധനവിനിയോഗം മൂലം കേരളം സാമ്പത്തിക പിന്നാക്കാവസ്ഥയിലായെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എന്‍ഡിഎ തിരുവനന്തപുരം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കണ്‍വെൻഷന്‍ ഉദ്ഘാടനം ചെയ്തു സാംസാരിക്കുകയായിരുന്നു അവര്‍. കടമെടുത്തു മുടിഞ്ഞ സംസ്ഥാനത്തിന്റെ എല്ലാ ഭാരവും ജനങ്ങളുടെ തോളിലാണ്. ഇന്ത്യയില്‍ കടക്കെണിയിലായ ഒരു ജനതയാണ് കേരളത്തിലേത്. ഇത് ജനങ്ങളുടെ കുറ്റമല്ല. മാറി മാറി വന്ന സര്‍ക്കാറുകളുടെ കെടുകാര്യസ്ഥത കൊണ്ട് മാത്രമാണ് ഈ സ്ഥിതി വന്നത്.
കേരളത്തിന്റെ ധനസ്ഥിതിയുടെ കാര്യം പറയുമ്പോള്‍ കേന്ദ്രം കൊടുക്കാനുള്ളത് കൊടുക്കുന്നില്ല എന്ന പരാതി പറയും.മോദി അധികാരത്തില്‍ വന്നതിനു ശേഷം 2024 മാര്‍ച്ച് വരെ 1.58 ലക്ഷം കോടി രൂപയാണ് നല്കിയിട്ടുള്ളത്. ഫിനാന്‍സ് കമ്മിഷന്റെ ശുപാര്‍ശ ഇല്ലാതെ പലിശ രഹിത വായ്പാ ഇനത്തില്‍ 2021ല്‍ 2224 കോടി രൂപയാണ് കൊടുത്തത്. മോദി കൊടുത്തതിനെക്കുറിച്ചു പറയുന്നില്ല. എന്നാല്‍ ഒന്നും തങ്ങള്‍ക്ക് തരുന്നില്ല എന്നു പറയുന്നത് പെരും നുണയാണെന്നും നിർമല പറഞ്ഞു.
കേരള മോഡല്‍ എന്നൊക്കെ പറയുമ്പോഴും കേരളത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണ-നഗര വികസനം തുടങ്ങിയവയെല്ലാം ദേശീയ നിലവാരത്തിനും താഴെയാണ്. മികച്ച മാനവശേഷിയുള്ള ഒരു യുവ സമൂഹമാണ് കേരളത്തിലേത്. സംരംഭകത്വത്തിനോ വ്യവസായങ്ങള്‍ കൊണ്ടു വരുന്നതിനോ ഈ സംസ്ഥാനത്തിനാകുന്നില്ല. കേരളത്തിലെ യുവസമൂഹത്തിന്റെ അവസ്ഥ സങ്കടകരമാണെന്നും നിര്‍മല പറഞ്ഞു.
അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് കുത്തഴിഞ്ഞതാണ് ഈ നാട്. കടമെടുത്ത് ശമ്പളവും പെന്‍ഷനും കൊടുക്കേണ്ട സാഹചര്യമാണ്. കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ല, കിറ്റക്‌സ് കമ്പനി തെലുങ്കാനയ്ക്ക് പോയി, കേരളത്തില്‍ വ്യവസായികളെ ഭീഷണിപെടുത്തുന്നു, നാട് നന്നാകണം. വീണ്ടും നരേന്ദ്ര മോദി സര്‍ക്കാര്‍ വരാന്‍ തിരുവനന്തപുരത്തിന്റെ പിന്തുണ വേണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.രാജീവ് ചന്ദ്രശേഖര്‍ ജയിച്ച് വരേണ്ടത് ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുമെന്നും നിര്‍മല പറഞ്ഞു.
‘ഇനി കാര്യം നടക്കും’ തിരഞ്ഞെടുപ്പ് ഗാനം നിര്‍മല സീതാരാമന്‍ പ്രകാശനം ചെയ്തു.ബി ജെ പി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ, മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക് വസന്ത റാവു, പി.കെ കൃഷ്ണദാസ്, ഒ. രാജഗോപാല്‍, കെ.രാമൻപിള്ള, കുമ്മനം രാജശേഖരന്‍, എം.എസ്. കുമാർ, ടി.പി ശ്രീനിവാസന്‍, സി.ശിവൻകുട്ടി, ചെങ്കൽ രാജശേഖരൻ നായർ, വിഷ്ണുപുരം ചന്ദ്രശേഖരൻ, പേരൂർക്കട ഹരികുമാർ, ജെ.ആർ. പദ്മകുമാർ, പത്മജവേണുഗോപാല്‍, മഹേശ്വരന്‍ നായര്‍, തമ്പാനൂര്‍ സതീഷ്, പത്മിനി തോമസ്, പ്രമീളാ ദേവി, തുടങ്ങിയവര്‍ പങ്കെടുത്തു.