കഠിനംകുളം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലവിലിരിക്കെ ഭാര്യയോടുള്ള വിരോധം തീർക്കാൻ മാരകായുധവുമായി വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും, മുറ്റത്തിരുന്ന ആക്ടിവ സ്കൂട്ടർ പെട്രോളൊഴിച്ച് കത്തിച്ചു നശിപ്പിക്കുകയും ചെയ്ത പ്രതിയെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാറ്റുമുക്ക്, പുതുവൽ പുത്തൻ വീട്ടിൽ വിലാസിനിയുടെ മകൻ ഷബി (45) ആണ് പിടിയിലായത്. കൃത്യത്തിന് ശേഷം പ്രദേശത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് സംഘം സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള സംരക്ഷണ ഉത്തരവ് നിലനിൽക്കെയാണ് പ്രതി ക്രൂരമായ ഈ അതിക്രമം നടത്തിയത്. പ്രതിയുടെ നിരന്തരമായ ശാരീരിക-മാനസിക പീഡനങ്ങൾ സഹിക്കവയ്യാതെ ആവലാതിക്കാരി കഴിഞ്ഞദിവസം കുടുംബ കോടതിയിൽ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തിരുന്നു. ഇതിലുള്ള കടുത്ത വൈരാഗ്യമാണ് പ്രതിയെ അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ 19 രാത്രി 9.30 ഓടെ പ്രതി കത്തിയുമായി ആവലാതിക്കാരിയുടെ വീട്ടിലെത്തി കൊലവിളി നടത്തുകയും ചീത്തവിളിച്ച് ഭീഷണിപ്പെടുത്തി മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെ, 20ന് പുലർച്ചെ 01.30 ഓടെ വീണ്ടും മാരകാവസ്ഥയിൽ സ്ഥലത്തെത്തിയ പ്രതി, കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ പോലുള്ള ദ്രാവകം ആവലാതിക്കാരിയുടെ പേരിലുള്ള സ്കൂട്ടറിലേക്ക് ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. അക്രമത്തിൽ സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു.തുടർച്ചയായ അക്രമങ്ങൾക്ക് പിന്നാലെ പുലർച്ചെ തന്നെ സ്ഥലത്തുനിന്നും മറ്റിടങ്ങളിലേക്ക് ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ കഠിനംകുളം എസ്.ഐ അനൂപ്, എസ്.സി.പി.ഒ ഗിരീഷ് കുമാർ, എസ്.സി.പി.ഒ സുരേഷ് കുമാർ എന്നിവരടങ്ങിയ പ്രത്യേക പൊലീസ് സംഘമാണ് അതീവ ശ്രമകരമായി കീഴ്പ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






