വിഴിഞ്ഞം: സുഹൃത്തുക്കൾക്കൊപ്പം കടൽത്തീരത്തെ പാറപ്പുറത്തുനിന്ന് ഫോട്ടോയെടുക്കുന്നതിനിടെ ശക്തമായ തിരയടിച്ച് രണ്ട് യുവാക്കൾ കടലിൽ വീണു. ഒരാളെ കാണാതായി; കൂടെയുണ്ടായിരുന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വയനാട് പയ്യമ്പള്ളി ആറാട്ടുതറ ‘നന്ദനം’ വീട്ടിൽ റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥൻ സെൽവരാജിന്റെയും അജിതയുടെയും മകൻ ഡോ. എസ്. ശ്രീജിത്തിനെയാണ് (28) കടലിൽ കാണാതായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിജയ് പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ വിഴിഞ്ഞം ബൊള്ളാർഡിന് താഴെയുള്ള പാറക്കെട്ടിലായിരുന്നു അപകടം.നേമം വിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കൽ കോളേജിൽനിന്ന് പഠനം പൂർത്തിയാക്കിയ ശ്രീജിത്ത്, ഉപരിപഠനത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു.
ശ്രീജിത്തിന്റെ സുഹൃത്തും മെഡിക്കൽ റെപ്രസെന്റേറ്റീവുമായ മൊട്ടമൂട് സ്വദേശി രാഹുലിന്റെ വിവാഹദിവസമായിരുന്നു തിങ്കളാഴ്ച. കല്യാണത്തിനുള്ള ഹാരവും പൂക്കളും വാങ്ങാനുള്ള ചുമതല ശ്രീജിത്തിനായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കാറിൽ കരമനയിലെ പൂക്കടയിലെത്തിയെങ്കിലും ഹാരം തയ്യാറാകാൻ ഒരു മണിക്കൂർ സമയമെടുക്കുമെന്ന് കടയുടമ പറഞ്ഞു. ഈ സമയത്തിനിടയിലാണ് സംഘം വിഴിഞ്ഞത്തേക്ക് പോയത്.
ബൊള്ളാർഡിന് താഴെയുള്ള പാറപ്പുറത്ത് കയറി അഞ്ചംഗസംഘം ഫോട്ടോയെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ശക്തമായ രാക്ഷസത്തിരയടിച്ച് കയറുകയായിരുന്നു. ശ്രീജിത്തും വിജയും നിലതെറ്റി കടലിലേക്ക് മറിഞ്ഞു. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് സുഹൃത്തുക്കൾ ഓടിമാറിയതിനാലാണ് രക്ഷപ്പെട്ടത്. കടലിൽ വീണ വിജയ് ശക്തമായ ഒഴുക്കിലും പാറയിൽ മുറുകെപ്പിടിച്ച് കിടന്നതിനാലാണ് ജീവൻ തിരിച്ചുകിട്ടിയത്.






