തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കടകംപള്ളി സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു. തിരുവനന്തപുരം കലക്ട്രേറ്റിൽ വരണാധികാരിക്ക് മുന്നിലാണ് ഇന്ന് രാവിലെ നാമനിർദേശ പത്രിക സമർപ്പിച്ചത്. നാമ നിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി ജവഹർ സ്മൃതി മണ്ഡപം,കരികകം ചട്ടമ്പി സ്വാമി മണ്ഡപം, തോപ്പിൽ ധർമ്മരാജൻ സ്മൃതി മണ്ഡപം, ആറ്റിപ്ര സദാനന്ദൻ സ്മൃതി മണ്ഡപം, കാട്ടായിക്കോണം വി ശ്രീധർ സ്മൃതി മണ്ഡപം, കാട്ടായിക്കോണം അരവിന്ദൻ സ്മൃതി മണ്ഡപം, കാട്ടായിക്കോണം സദാനന്ദൻ സ്മൃതി മണ്ഡപം എന്നിവിടങ്ങളിലും,
പൊട്ടക്കുഴി എകെജി പാർക്കിലെ എകെജി പ്രതിമയ്ക്ക് മുന്നിലും, ചെമ്പഴന്തി ഗുരുകുലം, അയ്യങ്കാളി സ്മൃതി മണ്ഡപം, കണ്ണമ്മൂല ചട്ടമ്പിസ്വാമി സ്മൃതി മണ്ഡപം പുഷ്പാർച്ചന നടത്തി. രണ്ട് സെറ്റ് പത്രികയാണ് സ്ഥാനാർത്ഥി വരണാധികാരിക്ക് മുന്നിൽ സമർപ്പിച്ചത്. എൽഡിഎഫ് കഴക്കൂട്ടം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സി ലെനിൻ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എസ് പി ദീപക് ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കൾ പത്രിക സമർപ്പണത്തിന് സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. തുടർന്ന് കഴക്കൂട്ടം പ്രദേശത്തെ വ്യക്തികളെ കണ്ട് വോട്ടഭ്യർത്ഥന നടത്തി.
അണികളിൽ ആവേശം പകർന്നുകൊണ്ടുള്ള എൽഡിഎഫ് കഴക്കൂട്ടം മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ആയിരകണക്കിന് ആളുകളാണ് കഴക്കൂട്ടത്ത് വെച്ച് നടന്ന കൺവെൻഷനിൽ പങ്കെടുത്തത്.






