കഠിനംകുളം: സദാചാര പോലീസ് ചമഞ്ഞ് സിനിമ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെയും യുവതിയെയും വഴിയിൽ തടഞ്ഞുനിർത്തി അക്രമിച്ച പ്രതി അറസ്റ്റിൽ. കഠിനംകുളം മുണ്ടൻചിറ സ്വദേശി തമ്പുരു എന്നറിയപ്പെടുന്ന വിഷ്ണുവിനെയാണ് (27) പോലീസ് അറസ്റ്റ് ചെയ്തത്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ രണ്ടുതവണ കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കൽ അനുഭവിച്ചിട്ടുള്ളയാളാണ്.തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. കഠിനംകുളത്തെ തീയേറ്ററിൽ നിന്ന് സിനിമ കണ്ട് മടങ്ങുകയായിരുന്നു യുവാവും യുവതിയും. ഇവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തിയ വിഷ്ണുവും സംഘവും സദാചാര പോലീസ് ചമഞ്ഞ് അസഭ്യം പറയുകയും ശാരീരികമായി അക്രമിക്കുകയുമായിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ യുവാവിന്റെ വാഹനത്തിന് കുറുകെ ഇട്ടാണ് തടഞ്ഞത്.തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം കഠിനംകുളം ഐ.എസ്.എച്ച്.ഒ സുനുമോൻ, എസ്.ഐ സന്തോഷ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഘത്തിലുണ്ടായിരുന്ന മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.