
ചിറയിൻകീഴ്: പട്ടാളത്തിന്റെയും വിവിധ സേനകളുടെയും സുശക്തമായ കാവലിലാണ് രാജ്യം മുന്നോട്ട് പോകുന്നതെന്നും അവരുടെ സേവനങ്ങൾ പ്രശംസനീയമാണെന്നും സംസ്ഥാന ക്രമസമാധാന വിഭാഗം അഡിഷണൽ ഡി.ജി.പി. പി. വിജയൻ പറഞ്ഞു. പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പെരുങ്ങുഴി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ‘സല്യൂട്ട് കാർഗിൽ വിജയ് ദിവസ്’, ഡോ. എ.പി.ജെ. അബ്ദുൾ കലാം അനുസ്മരണവും പ്രതിഭാസംഗമവും ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള ഘട്ടങ്ങളിൽ സൈന്യത്തിന്റെ മികച്ച സേവനം നമ്മളെല്ലാം കണ്ടതാണ്. രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷയും കാത്തുസൂക്ഷിക്കാൻ കാർഗിൽ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ധീരയോദ്ധാവായിരുന്നു ക്യാപ്റ്റൻ വിക്രം. ദേശസ്നേഹത്തിന്റെ പ്രതീകവും മനുഷ്യത്വത്തിന് ഏറെ മുൻഗണന നൽകിയ മഹത് വ്യക്തിത്വവുമായിരുന്നു ഡോ. എ.പി.ജെ. അബ്ദുൾ കലാം. അദ്ദേഹത്തിന്റെ വാക്കുകളും ചിന്തകളും എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണെന്നും തന്റെ മനസ്സിൽ വീരപുരുഷനായി നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമെന്നും എ.ഡി.ജി.പി. കൂട്ടിച്ചേർത്തു.ചടങ്ങിൽ പാങ്ങോട് മിലിട്ടറി സ്റ്റേഷൻ ലെഫ്റ്റനന്റ് കേണൽ സതീഷ് കുമാർ വി. എൻ. കാർഗിൽ അനുസ്മരണ പ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ.ജി.എം.ഒ.എ. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. പത്മപ്രസാദ് പി. എസ്., ആറ്റിങ്ങൽ ഡിവൈ.എസ്.പി. സന്തോഷ് കുമാർ ജി., അഴൂർ ഗ്രാമപഞ്ചായത്ത് അംഗം അനീഷ് എച്ച്. എന്നിവർ ആശംസകൾ നേർന്നു.
ഇന്ത്യാ-ബംഗ്ലാദേശ് യുദ്ധത്തിൽ പങ്കെടുത്ത് രാജ്യം പരംവീർ ചക്ര ബഹുമതി നൽകി ആദരിച്ച മിലിട്ടറി ഓഫീസർ രാമസ്വാമി ചെട്ടിയാരുടെ സഹധർമ്മിണി രാജമ്മയെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.ഡോ. ഭാഗ്യബാബു, ഡോ. അഖിൽ എസ്., ജയരാജ് ആർ., മുൻ സൈനികരായ സദാശിവൻ എൻ., രാമചന്ദ്രൻ നായർ ബി., ശ്യാംലാൽ ദിവാകരൻ, അഗ്നിവീർ വഴി സൈന്യത്തിന്റെ ഭാഗമായ സന്തോഷ് എസ്., തേജസ് ലാൽ എൽ., അഭിറാം എസ്. എൽ. എന്നിവരെയും വിവിധ മത്സരപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്കും ഡോ. എ.പി.ജെ. അബ്ദുൾ കലാമിനും സല്യൂട്ട് അർപ്പിച്ച് ആദരവ് രേഖപ്പെടുത്തി. അസോസിയേഷൻ ഭാരവാഹി ഷാനി ഷാനവാസ് സ്വാഗതവും സജീവ് ആർ. നന്ദിയും പറഞ്ഞു.








