കഠിനംകുളം: പുതുക്കുറിച്ചിയിൽ യുവാവിനെ കാർ കുറുകെയിട്ട് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി ബൈക്ക് കവർന്ന കേസിൽ രണ്ടാം പ്രതിയെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങ് നെടുംകണ്ടം മരങ്കുഴി വീട്ടിൽ അമൽരാജ് (23) ആണ് കഠിനംകുളം പോലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ജൂൺ 12-ന് വൈകിട്ട് ഏഴോടെ മാടൻവിള മുസ്ലിം പള്ളിയുടെ സമീപത്തുവെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പുതുക്കുറിച്ചി സ്വദേശി ജോയൽ ജോയിയുടെ ഒന്നേമുക്കാൽ ലക്ഷം രൂപ വിലവരുന്ന മോട്ടോർസൈക്കിളാണ് പ്രതികൾ തട്ടിയെടുത്തത്. പെരുമാതുറ-അഴൂർ റോഡിലൂടെ പോവുകയായിരുന്ന ജോയലിനെ കാർ കുറുകെയിട്ട് തടയുകയും ഭീഷണിപ്പെടുത്തി ബൈക്കിന്റെ താക്കോൽ ബലമായി ഊരിയെടുത്ത് വാഹനം കവരുകയുമായിരുന്നു. പിടിയിലായ അമൽരാജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേസിലെ ഒന്നാം പ്രതിയായ വെട്ടൂർ സ്വദേശി റിയാസിനെ (29) കഴിഞ്ഞ ജൂൺ 14-ന് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കൊലപാതക ശ്രമം, നരഹത്യാ ശ്രമം, പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യൽ തുടങ്ങി ഒമ്പതോളം കേസുകളിൽ അഞ്ചുതെങ്ങ്, വർക്കല, കടയ്ക്കാവൂർ സ്റ്റേഷനുകളിൽ പ്രതിയാണ് റിയാസ്.
ചിറയിൻകീഴ് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കഠിനംകുളം പോലീസിന് കൈമാറുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ കഠിനംകുളം ഇൻസ്പെക്ടർ സുനുമോൻ, എസ്.ഐ അനൂപ്, എസ്.സി.പി.ഒ ലിബിൻ, ഹാഷിം, സി.പി.ഒ ദീപക് എന്നിവരടങ്ങിയ സംഘം അഞ്ചുതെങ്ങ് പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.






