Friday, June 19, 2026
Online Vartha
HomeTrivandrum Cityകേക്ക് ഷോപ്പിൽ മോഷണം, മോഷണത്തിന് ബൈക്കിലെത്തിയ സ്ത്രീ മോഷ്‌ടാവും സംഭവം കഴക്കൂട്ടത്ത് 

കേക്ക് ഷോപ്പിൽ മോഷണം, മോഷണത്തിന് ബൈക്കിലെത്തിയ സ്ത്രീ മോഷ്‌ടാവും സംഭവം കഴക്കൂട്ടത്ത് 

Online Vartha
Online Vartha

കഴക്കൂട്ടം: കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ‘ബേക്കഡ് കേക്ക് ആൻ്റ് പാസ്റ്ററീസ്’ ഷോപ്പിലും തൊട്ടടുത്തുള്ള ‘പീസാ സ്ട്രീറ്റ്’ എന്ന സ്ഥാപനത്തിലും കവർച്ച. ഇന്നലെ പുലർച്ചെ 4 മണിയോടെയാണ് സംഭവം. മുഖം മറയുന്ന രീതിയിൽ ഹെൽമറ്റ് ധരിച്ചെത്തിയ ഒരു പുരുഷനും സ്ത്രീയുമാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഒരു സ്ത്രീയും പുരുഷനും ചേർന്ന് പുലർച്ചെ ഹെൽമറ്റ് ധരിച്ചെത്തി കവർച്ച നടത്തിയത് പ്രദേശത്ത് ആദ്യ സംഭവമായതിനാൽ പ്രദേശവാസികളിൽ വലിയ കൗതുകവും ഒപ്പം ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്.കേക്ക് ഷോപ്പിന്റെ മുൻഭാഗത്തെ ഗ്ലാസ് തല്ലിത്തകർക്കുകയും പൂട്ട് പൊളിക്കുകയുമാണ് മോഷ്ടാക്കൾ ആദ്യം ചെയ്തത്. തുടർന്ന് അകത്തുകയറി മേശയ്ക്കകത്ത് സൂക്ഷിച്ചിരുന്ന 5400 രൂപയും, ചാർജ് ചെയ്യുന്നതിനായി വെച്ചിരുന്ന 15,000 രൂപ വില വരുന്ന ഒരു വിവോ മൊബൈൽ ഫോണും, 1300 രൂപ വില വരുന്ന രണ്ട് കേക്കുകളും കവർന്നു. ഇതിന് പുറമേ കടയിലുണ്ടായിരുന്ന പതിനായിരത്തോളം രൂപ വില വരുന്ന എട്ടോളം കേക്കുകൾ ഇവർ നശിപ്പിക്കുകയും ചെയ്തു. തുടർന്ന് തൊട്ടടുത്തുള്ള പീസാ സ്ട്രീറ്റ് എന്ന പീസ ഷോപ്പിന്റെ കണ്ണാടി ഗ്ലാസിൻ്റെ പൂട്ട് തകർത്തെങ്കിലും ഇവിടെ നിന്നും പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല.രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് കടകൾ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കവർച്ചാ വിവരം പുറത്തറിയുന്നത്. മോഷണവിവരം അറിഞ്ഞയുടൻ കടയുടമ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കഴക്കുട്ടം പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു. സമീപത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും മൊബൈൽ ടവർ കേന്ദ്രീകരിച്ചും പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!