കഴക്കൂട്ടം: കോടതി കേസിൽ സാക്ഷി പറയുന്നതിൽ നിന്നും പിന്മാറാത്തതിലുള്ള വൈരാഗ്യം മൂലം യുവാവിനെ മാരകായുധങ്ങളുമായി മുൻകൂട്ടി ആസൂത്രണം ചെയ്ത് പിന്തുടർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു. മേനംകുളം ചിറ്റാറ്റ്‌മുക്ക് ശാസ്താംകോവിലിന് സമീപം ശാലോം വീട്ടിൽ ഫെബിൻ ജേക്കബിനാണ് (37) ഗുരുതരമായി പരിക്കേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.കഴിഞ്ഞ 18-ാം തീയതി രാത്രി 11 മണിയോടെ ചിറ്റാറ്റ്‌മുക്ക് ജംഗ്ഷനിലായിരുന്നു സംഭവം. കഴക്കൂട്ടത്തുനിന്നും സുഹൃത്തിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്ന ഫെബിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം പിന്തുടരുകയായിരുന്നു. ചിറ്റാറ്റ്‌മുക്ക് ജംഗ്ഷനിൽ വെച്ച് സ്കൂട്ടറിന് കുറുകെ ബൈക്ക് നിർത്തി വഴിതടഞ്ഞ പ്രതികൾ, ഫെബിനെ അസഭ്യം പറയുകയും ഷർട്ടിൽ കുത്തിപ്പിടിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച സുഹൃത്തിനെ തള്ളിമാറ്റിയ ശേഷമായിരുന്നു ആക്രമണം.
ഒന്നാം പ്രതി ഷർട്ടിനുള്ളിൽ ഒളിപ്പിച്ചിരുന്ന വെട്ടുകത്തി എടുത്ത് ഫെബിന്റെ തലയ്ക്ക് നേരെ വെട്ടുകയായിരുന്നു. ഫെബിൻ ഇരു കൈകളും കൊണ്ട് തടഞ്ഞതിനാലാണ് ജീവൻ രക്ഷപ്പെട്ടത്. ആക്രമണത്തിൽ ഫെബിന്റെ ഇരു കൈകൾക്കും ആഴത്തിൽ മുറിവേറ്റ് വലിയ തോതിൽ രക്തം വാർന്നുപോയി. പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഫെബിനെ രണ്ടാം പ്രതി പിന്തുടർന്ന് നടുവിലും കാലിലും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു.
ഫെബിൻ വാദിയായ ഒരു കേസിൽ നിന്നും പിന്മാറണമെന്നും സാക്ഷി പറയരുതെന്നും പ്രതികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിക്കാത്തതിലുള്ള വിരോധമാണ് വധശ്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഫെബിൻ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.