തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലേക്ക് മൃഗങ്ങളെത്തുന്നു. ദക്ഷിണാഫ്രിക്ക അടക്കം വിദേശ മൃഗശാലയിൽനിന്ന് മൂന്ന് ജോഡി സീബ്രകളെയും രണ്ട് ജോഡി ജിറാഫിനെയും തിരുവനന്തപുരം മൃഗശാലയിലെത്തിക്കാനാണ് തീരുമാനം. മൃഗശാലയിലുണ്ടായ “സീത’ എന്ന സീബ്ര 2017-ലും മൈസൂരു മൃഗശാലയിൽ നിന്നെത്തിച്ച “രാജ’ എന്ന ജിറാഫ് 2013-ലും ചത്തിരുന്നു. ദീർഘനാളത്തെ പരിശ്രമഫലമായാണ് പുതിയവയെ എത്തിക്കാൻ നടപടി ആരംഭിച്ചത്. ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽനിന്ന് മഞ്ഞ അനാക്കോണ്ടകൾ, വെള്ള മയിൽ, ചെന്നായ എന്നിവയെ കൊണ്ടുവരാനും ചർച്ചകൾ നടക്കുന്നുണ്ട്. രക്ഷിക്കപ്പെട്ടതും അനാഥമാക്കപ്പെട്ടതുമായ വന്യമൃഗങ്ങളെയും വംശനാശ ഭീഷണി നേരിടുന്നവയെയുമാണ് തിരുവനന്തപുരം മൃഗശാലയിൽ സംരക്ഷിക്കുന്നത്. കേവലം പ്രദർശനവും വിനോദവും എന്നതിൽനിന്ന് ഗവേഷണം, വിദ്യാഭ്യാസം എന്നിവയിലേക്ക് പ്രവർത്തനങ്ങൾ മാറ്റുന്നതിന്റെ ഭാഗമായാണ് മൃഗങ്ങളുടെ ഇനവും എണ്ണവും വർധിപ്പിക്കുന്നത്. 93 ഇനം പക്ഷിമൃഗാദികൾ ഇപ്പോൾ ഇവിടെയുണ്ട്.