കഠിനംകുളം: പെരുമാതുറയിൽ യുവാവിനെ കാർ കുറുകെയിട്ട് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി ബൈക്ക് കവർന്ന കേസിൽ രണ്ട് പ്രതികൾ കൂടി കഠിനംകുളം പോലീസിന്റെ പിടിയിലായി. വർക്കല സ്വദേശികളായ നാച്ചിവിലാകം രതിക്കൽ വീട്ടിൽ മുബീൻ, വെട്ടൂർ നെടുങ്ങണ്ട കാന്താഴികം വിളഭാഗം വീട്ടിൽ അക്ബർ ഷാ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂൺ 12-ന് വൈകിട്ട് ഏഴ് മണിയോടെ മാടൻവിള മുസ്ലിം പള്ളിക്ക് സമീപമായിരുന്നു സംഭവം. കഠിനംകുളം പുതുക്കുറിച്ചി അജന്ത ക്വാർട്ടേഴ്സിൽ താമസിക്കുന്ന ജോയ് സിറിലിന്റെ മകൻ ജോയൽ ജോയിയെ (21) പ്രതികൾ കാർ കുറുകെയിട്ട് തടയുകയായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി ബൈക്കിന്റെ താക്കോൽ ബലമായി ഊരിയെടുക്കുകയും, 1,70,000 രൂപ വിലവരുന്ന ഡ്യൂക്ക് മോട്ടോർസൈക്കിൾ കവർന്നു കടന്നുകളയുകയുമായിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ കഠിനംകുളം ഇൻസ്പെക്ടർ (എസ്.എച്ച്.ഒ) സുനുമോൻ, എസ്.ഐ അനൂപ്, എസ്.സി.പി.ഒ ലിബിൻ, ഹാഷിം, സി.പി.ഒ ദീപക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അഞ്ചുതെങ്ങ് പോലീസിന്റെ സഹായത്തോടെ അരുവാളം എന്ന സ്ഥലത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






