വാഷിംഗ്ടൺ: ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ പരിശീലനം നൽകുമെന്ന് ഇന്ത്യയിലെ യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി പറഞ്ഞു. ഈ വർഷമോ അതിന് ശേഷമോ ആയിരിക്കും പരിശീലനം. ബെംഗളൂരുവിൽ നടന്ന യുഎസ്-ഇന്ത്യ കൊമേഴ്സ്യൽ സ്പേസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് നാസ ഉടൻ തന്നെ വിപുലമായ പരിശീലനം നൽകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു സംയുക്ത ദൗത്യമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേർത്തു
പരിസ്ഥിതി, ഭൂമിയുടെ ഉപരിതലം, പ്രകൃതി ദുരന്തങ്ങൾ, സമുദ്രനിരപ്പ് ഉയരൽ, ക്രയോസ്ഫിയർ എന്നിവയുൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നതിനായി ഉടൻ തന്നെ ഐഎസ്ആർഒ കേന്ദ്രത്തിൽ നിന്ന് നിസാർ ഉപഗ്രഹം വിക്ഷേപിക്കുമെന്നും ഗാർസെറ്റി പറഞ്ഞു. നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത ഭൗമ നിരീക്ഷണ ദൗത്യമാണ് നിസാർ.