തിരുവനന്തപുരം: എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ രപ്തി സാഗർ എക്സ്പ്രസ്സിൽ നിന്നാണ് ബീഹാർ മുസാഫിർപുർ സ്വദേശി രാജു സാഹ് എന്നയാളെ കഞ്ചാവുമായി പിടികൂടിയത്. എക്സൈസ് സംഘം റെയിൽവെ ഫോഴ്‌സുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വേട്ട. 5 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ടീം ആണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് കൃഷ്ണൻ, നന്ദകുമാർ, പ്രബോധ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.