തിരുവനന്തപുരം: കാലവര്‍ഷത്തിന് മുന്‍പേ കനത്ത മഴയാണ് കേരള തീരത്ത് ലഭിക്കുന്നത്. കൊച്ചിയില്‍ ഇന്നലെ ഉണ്ടായതുപോലുള്ള മേഘവിസ്ഫോടനം പോലെ കനത്തമഴ വരും ദിവസങ്ങളിലും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. ലാ നിന, ഐഒഡി പ്രതിഭാസങ്ങള്‍ കൂടിയെത്തിയാല്‍ മണ്‍സൂണ്‍ കാലത്ത് കേരളം കനത്ത ജാഗ്രത പുലര്‍ത്തേണ്ടിവരുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ദീര്‍ഘകാല ശരാശരിയുടെ ആറ് ശതമാനം വരെ അധികം മഴ ലഭിക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കാലവര്‍ഷത്തിനൊപ്പം കനത്ത മഴ നല്‍കുന്ന രണ്ട് പ്രതിഭാസങ്ങള്‍ കൂടി ഇത്തവണ പ്രതീക്ഷിക്കാം. ലാ നിന, ഇന്ത്യന്‍ ഓഷന്‍ ഡൈപോള്‍ പ്രതിഭാസങ്ങള്‍ ഒരുമിച്ചെത്തുന്നത് അപ്രതീക്ഷിത കാലാവസ്ഥയ്ക്കുള്ള ഘടകങ്ങളാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ കരുതുന്നു.ഒരു മണിക്കൂറില്‍ 100 മില്ലിമീറ്റര്‍ മഴ ലഭിച്ചാല്‍ അത് മേഘവിസ്ഫോടനമാകും.