തിരുവനന്തപുരം: പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം പതിവാകുന്നു. ക്ഷേത്രത്തിൽ ഉടയ്ക്കാൻ വഴിവാണിഭക്കാർ വിൽപനക്ക് എത്തിക്കുന്ന ചാക്കുകണക്കിന് തേങ്ങകളാണ് കള്ളന്മാർ ഓട്ടോറിക്ഷയിൽ എത്തി കൊണ്ടുപോകുന്നത്.കഴിഞ്ഞ 27 വർഷമായി നെയ്യാറ്റിൻകര സ്വദേശിനി പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിൽ തേങ്ങ വിൽപന തുടങ്ങിയിട്ട്. വിൽക്കാൻ എത്തിക്കുന്ന തേങ്ങകൾ കള്ളന്മാർ മോഷ്ടിക്കുന്നു.
അമ്പത് കിലോയുടെ ഏഴ് ചാക്കുകൾ ഞായറാഴ്ച കൊണ്ടുപോയി. ഇതിനു മുമ്പ് പതലവണയായി അമ്പതിനായിരം രൂപയുടെ തേങ്ങ മോഷ്ടിച്ചു. പലതവണ വ്യാപാരികൾ ഫോർട്ട് പൊലീസിൽ നൽകിയെന്നും വ്യാപാരികൾ പറയുന്നു.പൊലീസ് എത്തി ക്ഷേത്രത്തിലെ സിസിടിവി പരിശോധിച്ചു. പാസഞ്ചർ ഓട്ടോയിലാണ് കള്ളന്മാർ തേങ്ങ കടത്തുന്നത്. പക്ഷെ ഓട്ടോയുടെ നമ്പർ മാത്രം ഒരു ക്യാമറയിലും വ്യക്തമല്ല. തലസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ സ്ഥലമാണ് കിഴക്കേക്കോട്ടയും പഴവങ്ങാടിയും. അവിടെയാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് പാവങ്ങളുടെ ഉപജീവനം മുട്ടിക്കുന്ന കള്ളന്മാർ വിലസുന്നത്.