തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇത്തവണ കനിവ് 108 ആംബുലന്‍സിന്റെ ബൈക്ക് ഫസ്റ്റ് റസ്‌പൊണ്ടെര്‍ കൂടി വിന്യസിക്കും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കൂടുതല്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നത്. ആറ്റുകാല്‍ ക്ഷേത്രവും സമീപ പ്രദേശങ്ങളിലും ഇതിന്റെ സേവനം ലഭ്യമാക്കും. പരിശീലനം ലഭിച്ച ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെനീഷ്യന്‍ ആയിരിക്കും ഇതില്‍ ഉണ്ടാകുക. വൈദ്യ സഹായം വേണ്ടവരുടെ സമീപം എത്തി പ്രഥമ ശുശ്രൂഷ നല്‍കുകയും തുടര്‍ന്ന് ആവശ്യമെങ്കില്‍ മാത്രം ആംബുലന്‍സ് വരുത്തി ആശുപത്രിയിലേക്ക് മാറ്റും. ഇതിന് പുറമെ ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് ഒരു ഐ.സി.യു ആംബുലന്‍സും വിന്യസിക്കും.
ഇതുകൂടാതെ ആറ്റുകാല്‍ ക്ഷേത്ര പരിസരം, അമ്മന്‍കോവില്‍ റോഡ്, കിള്ളിപാലം, ചിറമുക്ക്, കൊഞ്ചിറവിള, ഐരാണിമുട്ടം, കമലേശ്വരം, മുട്ടത്തറ, മേട്ടുക്കട, കരമന, ഓവര്‍ ബ്രിഡ്ജ്, വഞ്ചിയൂര്‍ കോടതി പരിസരങ്ങളില്‍ ഉള്‍പ്പടെ 12 കനിവ് 108 ആംബുലന്‍സുകളും പൊങ്കാല ദിവസം വിന്യസിക്കും. പൊള്ളല്‍, തലകറക്കം, ബോധക്ഷയം ഉള്‍പ്പടെ അത്യാഹിതങ്ങളില്‍ പൊതുജനത്തിന് മൊബൈലില്‍ നിന്ന് 108 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ട് ആംബുലന്‍സ് സേവനം ലഭ്യമാക്കാവുന്നതാണ്.