Saturday, July 27, 2024
Online Vartha
HomeTrivandrum Cityകഴക്കൂട്ടം സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ ഹോസ്റ്റല്‍ മന്ദിരം തുറന്നു

കഴക്കൂട്ടം സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ ഹോസ്റ്റല്‍ മന്ദിരം തുറന്നു

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ഗവ.വനിതാ ഐ.ടി.ഐ ക്യാമ്പസ്സില്‍ നിര്‍മിച്ച ഹോസ്റ്റല്‍ മന്ദിരത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. വൈദഗ്ധ്യവും ശാക്തീകരണവുമുള്ള ഒരു തൊഴില്‍ ശക്തിയെ രൂപപ്പെടുത്തുന്നതില്‍ സ്യൂട്ട് കേരള പ്രതിജ്ഞാബദ്ധമാണെന്നും  സ്ത്രീകള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തില്‍ സജീവമായി പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കാനും ഇത്തരത്തിലുള്ള സംരംഭങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്ട്രക്ടര്‍മാര്‍ക്കൊപ്പം വിദ്യാര്‍ത്ഥിനികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം പ്രയോജനപ്പെടാനുള്ള സൗകര്യം ചെയ്യണമെന്ന് വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.

2022-23 പരിശീലന വര്‍ഷത്തില്‍ മാത്രം 2557 പേര്‍ക്ക് നേട്ടമുണ്ടാക്കിക്കൊണ്ട്, ഗണ്യമായ എണ്ണം ജീവനക്കാരെ ഇന്‍സ്റ്റിറ്റ്യൂട്ട് വിജയകരമായി പരിശീലിപ്പിച്ചിട്ടുണ്ട്. സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ അപ്‌ഡേറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയ്‌നിംഗ് (സ്യൂട്ട്-കേരള) കേരളത്തിലെ ഐ.ടി.ഐ ഇന്‍സ്ട്രക്ടര്‍മാര്‍ക്കായി അത്യാധുനിക സാങ്കേതിക വിദ്യകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടി സമഗ്ര പരിശീലനം നല്‍കിവരുന്നുണ്ട്. പരിശീലനത്തിന് വരുന്ന വനിതാ ജീവനക്കാര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിനായി 2.10 കോടി രൂപ ചെലവഴിച്ചാണ്  ഹോസ്റ്റല്‍ മന്ദിരം നിര്‍മിച്ചിരിക്കുന്നത്. സ്‌കില്‍ അപ്‌ഡേറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് തയ്യാറാക്കിയ പ്ലാന്‍ പ്രകാരം കെട്ടിടത്തിന് 256.70 ചതുരശ്ര മീറ്റര്‍ വീതം വിസ്തീര്‍ണമുള്ള മൂന്ന് നിലകള്‍ ഉള്‍പ്പെടെ ആകെ 770.10ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണുള്ളത്.

ഹോസ്റ്റല്‍ മന്ദിരത്തിന്റെ ഗ്രൗണ്ട് ഫ്‌ലോറില്‍ വരാന്ത, ലോബി, വാര്‍ഡന്‍ റൂം, രണ്ട് ഡോര്‍മെട്രി, ശുചിമുറികള്‍, ഡൈനിംഗ് ഹാള്‍, അടുക്കള എന്നിവയും ഒന്നാം നിലയില്‍ ശുചിമുറികള്‍ ഉള്‍പ്പെടെ മൂന്ന് ഡബിള്‍ റൂം, രണ്ട് ഡോര്‍മെട്രി എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

കഴക്കൂട്ടം വനിതാ  ഐ.ടി.ഐ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കവിത എല്‍.എസ്, വ്യവസായിക പരിശീലന വകുപ്പ്ഡയറക്ടര്‍ ഡോ.വീണാ.എന്‍.മാധവന്‍, വനിതാ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ സുരേഷ്‌കുമാര്‍. എം, ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിംഗ് ഷമ്മി ബേക്കര്‍എ, എസ്.യു.ഐ.ഐ.ടി സ്പെഷ്യല്‍ ഓഫീസര്‍ സുജാത.ജെ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!