ദില്ലി: ജനന രജിസ്ട്രേഷനായി പുതിയ മാറ്റത്തിനുള്ള കരടുമായി കേന്ദ്ര സർക്കാർ. കുട്ടിയുടെ മാതാ പിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കരട് ചട്ടം ആവശ്യപ്പെടുന്നത്. പുതിയ മാറ്റം ഉൾപ്പെടുത്തിയുള്ള കരട് ചട്ടം കേന്ദ്രം പുറത്തിറക്കി. നേരത്തെ കുടുംബത്തിന്റെ മതം മാത്രമായിരുന്നു ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നത്. നവജാത ശിശുവിന്റെ ജനനം രജിസ്ട്രർ ചെയ്യുമ്പോൾ മാതാവിന്റേയും പിതാവിന്റേയും മതം പ്രത്യേകം രേഖപ്പെടുത്തുന്ന കോളം ഇനിമുതൽ ഉണ്ടാവുമെന്നാണ് കരട് വ്യക്തമാക്കുന്നത്.ദത്തെടുക്കലിന് അടക്കം ഈ ചട്ടം ബാധകമാവും. ദേശീയ തലത്തിൽ ഡാറ്റാ ബേസ് തയ്യാറാക്കി ജനന മരണ വിവരങ്ങൾ സൂക്ഷിക്കും. ഈ വിവരങ്ങൾ മറ്റ് പല സേവനങ്ങൾക്കും വേണ്ടി ഉപയോഗിക്കും. സ്ഥലം ആധാരം ചെയ്യുന്നതിനും, റേഷൻ കാർഡിനും, പാസ്പോർട്ടിനും, എൻപിആറിനും അടക്കം ഈ ഡേറ്റ ബേസിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാകും.