താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. തങ്ങള്‍ ആഘോഷിക്കുന്ന താരങ്ങളുടെ കുട്ടിക്കാലത്തെ ചില അപൂര്‍വ്വ ചിത്രങ്ങള്‍ ആരാധകര്‍ കാലങ്ങളോളം ആഘോഷിക്കാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. തമിഴ് താരം സത്യരാജിനൊപ്പമുള്ള ഒരു കുട്ടിയുടെ ചിത്രമാണ് അത്. ഒടിടി പ്ലാറ്റ്ഫോം ആയ മുബി കഴിഞ്ഞ ദിവസം അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പോസ്റ്റ് ചെയ്തതോടെ ഈ ചിത്രം വീണ്ടും വൈറല്‍ ആയിരിക്കുകയാണ്.
ഇന്ത്യന്‍ സിനിമാപ്രേമികളുടെ ആകെ ശ്രദ്ധ നേടിയ മലയാളി താരം ഫഹദ് ഫാസില്‍ ആണ് സത്യരാജ് ഓമനിക്കുന്ന കുട്ടി. എണ്‍പതുകളില്‍ നിന്നുള്ള ചിത്രമാണിത്. ഫാസില്‍ സംവിധാനം ചെയ്ത രണ്ട് തമിഴ് ചിത്രങ്ങളില്‍ സത്യരാജ് ആയിരുന്നു നായകന്‍. 1987 ല്‍ പുറത്തെത്തിയ പൂവിഴി വാസലിലേ, 1988 ല്‍ പുറത്തിറങ്ങിയ എന്‍ ബൊമ്മുക്കുട്ടി അമ്മാവുക്ക് എന്നിവയാണ് ആ ചിത്രങ്ങള്‍. ഫാസിലിന്‍റെ തന്നെ മലയാളം ചിത്രങ്ങളുടെ റീമേക്കുകള്‍ ആയിരുന്നു ഇവ.