Thursday, October 10, 2024
Online Vartha
HomeTrivandrum Ruralകഴക്കൂട്ടത്ത് ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് എക്സ്പോയ്ക്ക് തുടക്കം, ശനിയാഴ്ച പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം

കഴക്കൂട്ടത്ത് ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് എക്സ്പോയ്ക്ക് തുടക്കം, ശനിയാഴ്ച പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: ടൂറിസം മേഖലയില്‍ നൂതന ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന് കൂടുതല്‍ വരുമാനം നല്‍കുന്ന ടൂറിസം വ്യവസായത്തില്‍ ആഗോള പ്രവണതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഇത് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (ജിടിഎം-2023) ട്രാവല്‍ ട്രേഡ് എക്സിബിഷന്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ട്രാവന്‍കൂര്‍ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സ്വകാര്യ നിക്ഷേപത്തിന്‍റെ പ്രാധാന്യം ടൂറിസം മേഖല ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിക്ഷേപകര്‍ക്ക് മികച്ച വരുമാനം നേടാന്‍ കഴിയുന്ന മേഖലയാണിത്.

കേരള ടൂറിസത്തെ ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിന് നൂതന വിപണന തന്ത്രങ്ങള്‍ പ്രയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വിനോദസഞ്ചാര വ്യവസായ സംരംഭങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ പൂര്‍ണ്ണപിന്തുണ വാഗ്ദാനം ചെയ്ത മന്ത്രി ജിടിഎം പോലുള്ള പരിപാടികള്‍ ബയേഴ്സിനും സെല്ലേഴ്സിനും ഇടയിലുള്ള പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ അവസരമൊരുക്കുമെന്നും പറഞ്ഞു.കോവിഡിനുശേഷം യാത്രാച്ചെലവ് ഗണ്യമായി വര്‍ധിച്ചെങ്കിലും കേരളത്തിലേക്കുള്ള ആഭ്യന്തര, വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. കേരളം പോലുള്ള സുരക്ഷിത ലക്ഷ്യസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാണ് ആളുകള്‍ താത്പര്യം കാണിക്കുന്നത്. ജിടിഎമ്മിന്‍റെ സംഘാടകരുടെ ശ്രമങ്ങളെ അഭിനന്ദിച്ച മന്ത്രി കേരളത്തിന്‍റെ ഭൂപ്രകൃതിയുടെ സവിശേഷതകള്‍ ടൂറിസം പങ്കാളികള്‍ക്ക് പരിചയപ്പെടുത്താനും അവരുടെ പങ്കാളിത്തവും സംരംഭങ്ങളും ഉറപ്പാക്കാനും അഭ്യര്‍ഥിച്ചു.

ചടങ്ങില്‍ അധ്യക്ഷനായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ജി.ടി.എമ്മിന്‍റെ പതാക ഉയര്‍ത്തി.കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും ടൂറിസം മേഖലയുടെയും വ്യവസായത്തിന്‍റെയും വളര്‍ച്ചയ്ക്കും ജിടിഎം വഴിയൊരുക്കുമെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ പ്രത്യേക പ്രസംഗത്തില്‍ പറഞ്ഞു.
ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്‍റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്‍റ് ജോസ് പ്രദീപ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം പ്രസിഡന്‍റ് സുധീഷ് കുമാര്‍, കേരള ടൂറിസം ഡവലപ്മെന്‍റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാര്‍, യുഡിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍ നായര്‍, ജിടിഎം സിഇഒ സിജി നായര്‍, ജിടിഎം ജനറല്‍ കണ്‍വീനര്‍ പ്രസാദ് മഞ്ഞളി തുടങ്ങിയവര്‍ പങ്കെടുത്തു.ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ ആദ്യ പതിപ്പിന്‍റെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 27 ന് കോവളത്ത് നിര്‍വ്വഹിച്ചിരുന്നു. ‘പ്രകൃതിയും സംസ്കാരവും ഒത്തുചേരുന്ന ദക്ഷിണേന്ത്യയുടെ സത്ത അനുഭവിച്ചറിയുക’ എന്നതാണ് സെപ്റ്റംബര്‍ 30 വരെ നടക്കുന്ന ജിടിഎം-2023 ന്‍റെ പ്രമേയം.സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്,

തവാസ് വെഞ്ചേഴ്സ്, സിട്രിന്‍ ഹോസ്പിറ്റാലിറ്റി വെഞ്ചേഴ്സ്, മെട്രോ മീഡിയ എന്നിവ ചേര്‍ന്നാണ് വാര്‍ഷിക ബി2ബി, ട്രാവല്‍ ആന്‍ഡ് ട്രേഡ് എക്സിബിഷനായ ജിടിഎം 2023 സംഘടിപ്പിക്കുന്നത്.ടൂറിസം മേഖലയിലെ ആഗോള പങ്കാളികളുടെ ഒത്തുചേരലിനും നിരവധി പുതിയ ബിസിനസ് പങ്കാളിത്തങ്ങളുടെ ഒപ്പുവയ്ക്കലിനും ജിടിഎം സാക്ഷ്യം വഹിക്കും. 1000-ത്തിലധികം ട്രേഡ് വിസിറ്റേഴ്സും 600-ലധികം ആഭ്യന്തര, അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും 100-ലധികം കോര്‍പ്പറേറ്റ് ബയേഴ്സും പങ്കെടുക്കുന്നുണ്ട്.ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസം സംഘടനകള്‍, എയര്‍ലൈനുകള്‍, ട്രാവല്‍ ഏജന്‍റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ടെക് ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവയുടെ സ്റ്റാളുകളും ട്രാവല്‍-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തര്‍ദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും എക്സ്പോയില്‍ ഉണ്ടായിരിക്കും.

ആയുര്‍വേദം, യോഗ-വെല്‍നസ്, റിസോര്‍ട്ടുകള്‍, റിട്രീറ്റുകള്‍, ആശുപത്രികള്‍, വെഡ്ഡിംഗ് ടൂറിസം, കോര്‍പ്പറേറ്റ് കോണ്‍ക്ലേവുകള്‍, ഹോംസ്റ്റേകള്‍, സര്‍വീസ് വില്ലകള്‍ തുടങ്ങിയ പവലിയനുകളും സജ്ജീകരിച്ചിട്ടുണ്ട്.ട്രാവല്‍ മേഖലയിലെ വിദഗ്ധര്‍ ജിടിഎമ്മിലെ സെമിനാര്‍ സെഷനുകള്‍ നയിക്കുന്നത്. വിവിധ കമ്പനികളുടെ പ്രതിനിധികളുമായുള്ള കോര്‍പ്പറേറ്റ് നെറ്റ് വര്‍ക്കിംഗ് സെഷന്‍ ഇന്ന് (29) നടക്കും. നാളെ (30) എക്സ്പോയില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കും.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!