കഴക്കൂട്ടം: അഭിഭാഷകനെ വിളിച്ചു വരുത്തി മർദ്ദിച്ചു അവശനാക്കി വഴിയിൽ ഉപേക്ഷിച്ചതായി പരാതി. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനും ചിറയിൻകീഴ് അഴൂർ കോളിച്ചിറ ചരുവിള വീട്ടിൽ വിനോദ് (37) ന് ആണ് മർദ്ദനമേറ്റത്. മുഖത്ത് സാരമായി പരുക്കേറ്റ വിനോദ് ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെ ശനിയാഴ്ച ഉച്ചയോടെ ഒരാൾ ഒരു പാർട്ടിയിൽ പങ്കെടുക്കാൻ വരാനായി വിനോദിനോട് ആവശ്യപ്പെട്ടു. അതിനാൽ തീവണ്ടിയിൽ റെയിവെ സ്റ്റേഷനിൽ ഇറങ്ങുകയും ഒരാൾ ബൈക്കിൽ കയറ്റി കഠിനംകുളം ചിറ്റാറ്റുമുക്ക് കരിഞ്ഞവയൽ എന്ന പ്രദേശത്ത് കൊണ്ട് എത്തിക്കുകയും അവിടെയുണ്ടായിരുന്ന യുവാക്കളുടെ സംഘം വിനോദിനെ മർദ്ദിച്ച് അവശാനാക്കുകയും മൊബൈൽ ഫോണും പണവും തട്ടിയെടുത്തു രക്ഷപ്പെടുകയുമായിരുന്നു.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കഠിനംകുളം പോലീസ് എത്തി വിനോദിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മർദ്ദിച്ച സംഘത്തിലെ ആരെയും മുൻ പരിചയം ഇല്ലെന്നും കണ്ടാൽ അറിയാം എന്നുമാണ് വിനോദ് പൊലീസിനോട് പറഞ്ഞത്. പോലീസ് സി സി ക്യാമറ ദൃശ്യങ്ങളും മറ്റും പരിശോധിക്കുന്നുണ്ട്. പോലീസ് കേസെടുത്തു.