രചയിതാവും സംവിധായകനുമായ കമല്‍, വിവേകാനന്ദന്‍ വൈറലാണിലൂടെ ഗുണപാഠ കഥയൊന്നും പറയാമെന്ന് ഉദ്ദേശിച്ചിട്ടില്ല. അക്കാര്യം സിനിമയുടെ അവസാനത്തില്‍ കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ശബ്ദത്തില്‍ ഉറപ്പിക്കുന്നുമുണ്ട്. പെണ്‍കുട്ടികള്‍ വീണേക്കാവുന്ന ചതിക്കുഴിയോ അത്തരം ചില ആണുങ്ങളുമുണ്ടെന്ന മുന്നറിയിപ്പോ നല്‍കി തന്റെ കാഴ്ചപ്പാട് അവതരിപ്പിച്ച് ബാക്കി പൂരിപ്പിക്കാന്‍ പ്രേക്ഷകനു വിട്ടുകൊടുത്ത് കമല്‍ സിനിമ അവസാനിപ്പിക്കുന്നു.
കമലിന്റെ സഹസംവിധായകനായി ചലച്ചിത്ര രംഗത്തേക്കെത്തിയ ഷൈന്‍ ടോം ചാക്കോയുടെ നൂറാമത് സിനിമ ഗുരുവിലൂടെയാണ് പൂര്‍ത്തിയാക്കുന്നത്. എണ്ണം തികക്കുന്ന ചിത്രങ്ങള്‍ ഞെട്ടിക്കുന്ന കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനാണ് നായകന്‍മാര്‍ താത്പര്യപ്പെടാറുള്ളതെങ്കിലും ഷൈന്‍ ഇവിടെ വ്യത്യസ്തത കാണിക്കുന്നു. നെഗറ്റീവ് ടച്ചുള്ളൊരു നായകനെ (അതോ വില്ലനോ) അവതരിപ്പിച്ച് മൂന്ന് യുവതികള്‍ക്കായി സിനിമ വിട്ടുകൊടുത്തിരിക്കുകയാണ് ഇയാള്‍. വൈറലാകുന്നത് വിവേകാനന്ദനാണെങ്കിലും വൈറലാക്കുന്നത് മൂന്ന് പെണ്‍കൊടികളാണ്.
ആദ്യ പകുതി ഷൈന്‍ ടോമിന്റെ വിവേകാനന്ദനും രണ്ടാം പകുതി േ്രഗസ് ആന്റണിയുടെ ഡയാന, സ്വാസികയുടെ സിതാര, മെറീന മൈക്കിളിന്റെ ആയിഷ എന്നിവരും പകുത്തെടുത്തിട്ടുണ്ട്. ഇവര്‍ക്ക് സമാന്തരമായി മാലാ പാര്‍വതിയുടെ അമ്മയും കൂടിയുണ്ട്. ഒടുവിലൊരു പഞ്ചുമായി മഞ്ജു പിള്ളയുടെ അമ്മിണിയും കൂടി വരുന്നു. പതിവ് തമാശ കഥാപാത്രങ്ങളില്‍ നിന്ന് മാറി ജോണി ആന്റണിയുടെ അച്ഛന്‍ ആദ്യത്തെ പരിഹാസങ്ങളെയെല്ലാം പുഷ്പം പോലെ വലിച്ചെറിഞ്ഞ് ഒടുവില്‍ സെന്റിമെന്‍സിന്റെ കുഞ്ഞുകൂടാരവുമാകുന്നുണ്ട്.