പത്ത് വര്‍ഷം മുമ്പ്. ഇതുപോലൊരു ഡിസംബര്‍ മാസത്തില്‍ അധികം ബഹളങ്ങളൊന്നുമില്ലാതെ ഒരു സിനിമ വന്നു. ആദ്യ ഷോയ്ക്ക് പോലും മിക്ക തീയേറ്ററുകളിലും സീറ്റുകള്‍ പലതും ഒഴിഞ്ഞു കിടന്നു. പക്ഷെ ആ ദിവസം കഴിയുമ്പോഴേക്കും മാറി മറഞ്ഞത് മലയാള സിനിമയുടെ തന്നെ തലവരയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും ആ സിനിമയെക്കുറിച്ച് സിനിമാ പ്രേമികള്‍ സംസാരിച്ച് നിര്‍ത്തിയിട്ടില്ല. ദേശവും ഭാഷയും കടന്ന് ഇപ്പോഴും ആ സിനിമ സഞ്ചരിക്കുന്നു. ദൃശ്യം ആയിരുന്നു ആ സിനിമ. സംവിധാനം ജീത്തു ജോസഫ്, നായകന്‍ മോഹന്‍ലാല്‍.
ദൃശ്യമിറങ്ങി പത്ത് വര്‍ഷം കഴിഞ്ഞ് ആ ജോഡി വീണ്ടുമെത്തുകയാണ്. പത്ത് വര്‍ഷത്തിനിടെ അവര്‍ പലവട്ടം കൈ കോര്‍ത്തു. ഒരുമിച്ച് വളര്‍ന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തുവും നേരുമായി വരുമ്പോള്‍ സാഹചര്യങ്ങള്‍ ഏതാണ്ട് ദൃശ്യത്തിന്റേത് പോലെ തന്നെയാണ്. പ്രൊമോഷന്‍ ബഹളങ്ങളോ തീയേറ്ററിന് മുന്നില്‍ ആരാധകരുടെ കാത്തിരിപ്പോ ഒന്നുമില്ല.